കൊച്ചി ∙ കൊച്ചിയുടെ കായൽപ്പരപ്പിലൂടെയുള്ള ആദ്യ യാത്രയുടെ ഹരംപിടിച്ചെത്തിയ സച്ചിൻ കായലോരത്തെ വീട് തൊട്ടറിഞ്ഞു. മനസ്സു നിറഞ്ഞു ബോധിച്ചതോടെ വാക്കുറപ്പിച്ചു; പ്രിയപ്പെട്ട കൊച്ചിയിൽ തന്റെ വീട് ഇതുതന്നെ. ഇനി വീടു കൈമാറ്റത്തിന്റെ ഔപചാരികതകൾ മാത്രം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇനി കൊച്ചിക്കാരൻകൂടിയാവുകയാണ്. പ്രൈം മെറിഡിയൻ ബിൽഡേഴ്സിന്റെ പനങ്ങാട്ടുള്ള ബ്ലൂ വാട്ടേഴ്സ് പ്രോജക്ടിലെ ആഡംബര വില്ലയാണു സച്ചിനു സ്വന്തമാകാൻ പോവുന്നത്. ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സച്ചിൻ സമ്മേളനം കഴിഞ്ഞതും പവർ ബോട്ടിൽ പനങ്ങാട്ടെ വാട്ടർ ഫ്രണ്ട് വില്ല പ്രോജക്ടിലേക്കുള്ള യാത്രയായി. 20 മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞു 12.15നു പ്രോജക്ട് സൈറ്റിൽ ഇറങ്ങിയ സച്ചിൻ 200 മീറ്ററോളം നടന്നാണു തനിക്കായി ഒരുക്കിയ വീട്ടിലേക്കെത്തിയത്. അതിനു മുൻപുതന്നെ സമീപത്തെ വീടുകളുടെ മട്ടുപ്പാവിൽ സച്ചിൻ ആരാധകർ പ്രിയപ്പെട്ട താരത്തെ ഒരുനോക്കുകാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.പ്രോജക്ടിലെ മറ്റു വില്ലകളുടെ പണി പുരോഗമിക്കുകയാണെങ്കിലും സച്ചിനായുള്ള വില്ല ഇന്റീരിയറടക്കം പൂർത്തിയാക്കിയിരുന്നു. വീടിനുള്ളിൽ കയറിയ സച്ചിൻ വീടിന്റെ ഓരോ ഭാഗവും നോക്കിക്കണ്ടു. വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലെത്തിയ സച്ചിൻ സമീപത്തെ കെട്ടിടങ്ങൾക്കു മുകളിൽ ആർത്തുവിളിച്ച കുട്ടിയാരാധകർക്കു നേരെ കൈവീശി. പിന്നീടു മൂന്നാം നിലയിലെ മട്ടുപ്പാവിലും എത്തി കായലിന്റെ വിശാലമായ കാഴ്ച ആസ്വദിച്ചു. 15 മിനിറ്റോളം വീടിനുള്ളിൽ ചെലവഴിച്ചശേഷമാണു സംതൃപ്തിയോടെ സച്ചിൻ പുറത്തേക്ക് എത്തിയത്.‘മനോഹരമായ സ്ഥലമാണിത്. ഇവിടെയുള്ളവരുടെ സ്നേഹവും മറക്കാനാവില്ല. കൊച്ചിയിൽ കളിക്കാനായി വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐഎസ്എല്ലിനെത്തിയപ്പോഴും ലഭിച്ച പിന്തുണ ഗംഭീരമായിരുന്നു. കേരളത്തിന്റെ സൗന്ദര്യവും ഏറെ കണ്ടറിഞ്ഞിട്ടുണ്ട്. കായികരംഗവുമായി ബന്ധപ്പെട്ടു വീണ്ടും വീണ്ടും ഇവിടേക്കു വരാൻ താൽപര്യമുണ്ട്’ - സച്ചിൻ വ്യക്തമാക്കി.
(courtesy;manorama)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ