വീട്ടുകാർ പുറത്തുപോകുന്ന സമയങ്ങളിൽ നടക്കുന്ന മോഷണങ്ങൾ തടയുവാൻ പ്രത്യേക സംവിധാനവുമായി പെരിന്തൽമണ്ണ പോലീസ്. വീട്ടിലോ പരിസരത്തോ ആരെങ്കിലുമെത്തിയാൽ പോലീസ് സ്റ്റേഷനിലേക്കും വീട്ടുടമയടക്കം അഞ്ചുപേർക്കും സന്ദേശമെത്തുന്ന സംവിധാനമാണിത്. റംസാൻമാസത്തിൽ കഴിഞ്ഞവർഷം ജില്ലയിൽ ധാരാളം മോഷണങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുൻകരുതൽ.
സൗജന്യമായ സുരക്ഷാസംവിധാനമാണ് പോലീസ് ഒരുക്കുന്നത്. സന്ദേശം ലഭിക്കുന്നതിനൊപ്പം വീട്ടിൽ എന്താണ് നടക്കുന്നതെന്നത് മൊബൈലിൽ കാണാനും സാധിക്കും. ഇതിലൂടെ പോലീസിന് ഉടൻ സ്ഥലത്തെത്താനും മോഷ്ടാക്കളെ പിടികൂടാനും കഴിയുമെന്നതാണ് നേട്ടമെന്ന് സി.ഐ. ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
വ്യാപാരി സംഘടനകളുമായി സഹകരിച്ച് ഒരു പ്രദേശത്തെ 20 മുതൽ 30 വരെ കടകളിൽ സംവിധാനം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഒരു കടയിൽ ആരെങ്കിലും പ്രവേശിച്ചാൽ തൊട്ടടുത്ത സുരക്ഷാജീവനക്കാരന്റെ മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ച് മുന്നറിയിപ്പ് കൊടുക്കാനുള്ള സൗകര്യവുമുണ്ട്.
വലിയ ചെലവുള്ള സംവിധാനം പോലീസ് താത്കാലികമായി സൗജന്യമായി നൽകും. മോഷണം തടയാൻ റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് പോലീസിനെ സഹായിക്കാനുള്ള സന്നദ്ധസേനയ്ക്ക് ലോക്ഡൗണിനുശേഷം രൂപം നൽകുമെന്നും പോലീസ് അറിയിച്ചു.
സേവനങ്ങൾ ആവശ്യമുള്ളവർ 9497921243, 9497922121 നമ്പറുകളിൽ ബന്ധപ്പെടാം.
"സുരക്ഷാസംവിധാനം ഇങ്ങനെ?
വീട്ടിൽനിന്നും വിട്ടുപോകേണ്ടിവരുന്ന സാഹചര്യത്തിൽ എത്രദിവസത്തേക്കാണെന്നും മറ്റുമുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കുക. കേബിളുകളില്ലാത്ത ഉപകരണമായതിനാൽ എളുപ്പത്തിൽ വീടുകളിൽ സ്ഥാപിക്കാം. വാതിലുകളിലും പരിസരത്തും മറ്റും വെക്കുന്ന സെൻസറുകളിലൂടെയാണ് ആളുകളെത്തിയാലോ മോഷണശ്രമം നടക്കുമ്പോഴോ സന്ദേശം ലഭിക്കുക. സന്ദേശം തൊട്ടടുത്ത വീട്ടിലേക്കും കേബിൾവഴി നൽകാനാകും.
കേബിൾ മുറിക്കാൻ ശ്രമിച്ചാലും സന്ദേശം പോലീസ്‌സ്റ്റേഷനിൽ ലഭിക്കും. വീട്ടിലെ ലൈറ്റുകളും സംവിധാനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും. വാഹനങ്ങൾക്കും ഉപകരണം സ്ഥാപിക്കാം.
എടുക്കാം മുൻകരുതൽ
വീട്പൂട്ടി പോകേണ്ടിവരുമ്പോൾ പണം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ളവ വീട്ടിൽ വെക്കരുത്. അടുത്ത വീടുകളിലോ പോലീസ് സ്റ്റേഷനിലോ വിവരംനൽകുക. രാത്രിയിൽ വീടിനുപുറത്തെ ലൈറ്റുകൾ ഇടുവാൻ ഏർപ്പാടാക്കുക. കൂടുതൽദിവസം വിട്ടുനിൽക്കുന്നെങ്കിൽ വീട്ടിൽ ആളില്ലെന്ന വിവരം മനസ്സിലാകുന്ന കാര്യങ്ങൾ ഒഴിവാക്കുക പത്രം, പാൽ തുടങ്ങിയവയും ചപ്പുചവറുകളും കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.
courtesy: https://chat.whatsapp.com/Fxil4XJdm5A2tooGUz1hGE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ