സ്വന്തം പറമ്പിൽ സ്വന്തമായി നട്ടുവളർത്തിയെടുത്ത മരം, അതുവെട്ടാൻ എന്തിന് അനുവാദം വാങ്ങണം എന്നായിരിക്കും മിക്കവരും കരുതുക. എന്നാൽ അതു തെറ്റാണ്. തേക്ക്, വീട്ടി പോലുള്ള വിലപിടിപ്പുള്ള മരങ്ങൾ സ്വന്തം പറമ്പിൽനിന്നായാൽ പോലും മുറിക്കാൻ വനംവകുപ്പിന്റെ അനുമതി വാങ്ങണം. കുറഞ്ഞത് ഒരേക്കർ വലുപ്പമുള്ള പറമ്പിൽനിന്ന് മരം വെട്ടിയെടുക്കാനാണ് അനുമതി വാങ്ങേണ്ടത്. വീടു നിർമാണം പോലുള്ള സ്വന്തം ആവശ്യത്തിന് മരം മുറിക്കാൻ മാത്രമേ ഈ രീതിയിൽ അനുമതി ലഭിക്കുകയുള്ളൂ. വിൽപനയ്ക്കു വേണ്ടി മരം മുറിക്കുമ്പോൾ ഈ രീതി അനുവദനീയമല്ല. വാറ്റ് അടച്ച് സെയിൽ ടാക്സ് അനുമതിയോടെ വേണം മരം മുറിക്കാനെന്നാണ് നിയമം പറയുന്നത്.
ഉടമസ്ഥത തെളിയിക്കണം
പുരയിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വാങ്ങണം. പുരയിടത്തിലുള്ള മുറിക്കാനുദ്ദേശിക്കുന്ന മരങ്ങളുടെ വിശദാംശങ്ങൾ അറിയിക്കുന്ന അപേക്ഷ വില്ലേജ് ഓഫിസർക്കു സമർപ്പിക്കുകയാണ് ആദ്യപടി. അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി വില്ലേജ് ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ പ്ലോട്ട് സന്ദർശിച്ചതിനുശേഷമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്.ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം സ്ഥലം നിൽക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ഫോറസ്റ്റ് ഓഫിസിൽനിന്ന് മരം മുറിക്കാനുള്ള അനുമതി വാങ്ങേണ്ടതുണ്ട്. വനം വകുപ്പിൽനിന്നു ലഭിക്കുന്ന ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇതോടൊപ്പം വച്ചിരിക്കണം. ഡിക്ലറേഷൻ ഫോമിൽ മരങ്ങളുടെ വണ്ണവും നീളവുമടക്കമുള്ള വിശദാംശങ്ങൾ എല്ലാം പ്രതിപാദിച്ചിരിക്കണം.
ഡിക്ലറേഷൻ കയ്യിൽ വേണം
ഈ ഫോം സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അക്നോളജ്മെന്റ് ഉപയോഗിച്ച് മരം മുറിക്കാവുന്നതാണ്. ആപ്ലിക്കേഷൻ സമർപ്പിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ വനം വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തടി എടുത്തുമാറ്റാനുള്ള സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. 15 ദിവസത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ലെങ്കിൽ തടികൾ നിർമാണാവശ്യത്തിനുവേണ്ടി നീക്കം ചെയ്യാവുന്നതാണ്.തേക്ക്, വീട്ടി, മഹാഗണി തുടങ്ങിയ വില കൂടുതലുള്ള മരങ്ങൾക്കാണ് ഈ നിയമം ഉപയോഗിക്കാറെങ്കിലും ആഞ്ഞിലി, പ്ലാവ് തുടങ്ങി നിർമാണ ആവശ്യത്തിനുപയോഗിക്കുന്ന ഏത് മരം മുറിക്കുന്നുണ്ടെങ്കിലും അനുമതി വാങ്ങേണ്ടതാണ്. തടി അറക്കാൻ കൊണ്ടുപോകുമ്പോഴെല്ലാം ഈ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.
കടപ്പാട്: ജെ. കൃഷ്ണഗിരീശൻ,
ഫോറസ്റ്റ് റേഞ്ച് ഓഫിസർ, പാലക്കാട്
(courtesy:manorama)"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ