ജീവിതത്തിൽ എടുക്കുന്ന ഏറ്റവും ബുദ്ധിപരമായ തീരുമാനങ്ങളിലൊന്നാണ് ഭവനവായ്പ എടുത്തു വീടുപണിയുക എന്നത്. കാരണം, പൊതുവേ ഏറ്റവും പലിശ കുറഞ്ഞ വായ്പയാണത്. മാത്രമല്ല, ആദായനികുതിയിൽ ഇളവും നേടാം. എന്നാൽ കാര്യമായ ആലോചനയില്ലാതെ ഭവനവായ്പ എടുത്താലോ, ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായി അതു മാറും.
വായ്പ എവിടെനിന്ന് എടുക്കണം?
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഇന്നു ഭവനവായ്പ നൽകുന്നു. നിങ്ങൾക്ക് ഏറ്റവും പരിചയവും വിശ്വാസ്യതയും ഉള്ള സ്ഥാപനത്തെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്. ഇരുപതോ മുപ്പതോ വർഷം വരെ നീണ്ട കാലാവധിയുള്ള വായ്പയാണ് ഭവനവായ്പ. അതുകൊണ്ടുതന്നെ ഒരു വായ്പ എടുക്കുന്നതോടെ വളരെ നീണ്ട കാലം നിലനിൽക്കുന്ന ബന്ധമാണ് ആ സ്ഥാപനവുമായി ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചും ആലോചിച്ചും വേണം സ്ഥാപനം തിരഞ്ഞെടുക്കാൻ.
നിങ്ങൾ ശമ്പള വരുമാനക്കാരനാണോ? ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണോ? എങ്കിൽ നിങ്ങളുടെ സാലറി അക്കൗണ്ടുള്ള ബാങ്കിനെ തന്നെ വായ്പയ്ക്കായി സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, നിങ്ങളെ ബാങ്കിനു സുപരിചിതമായിരിക്കും. നിങ്ങളുടെ ശമ്പളം ആദ്യം വരുന്നത് ബാങ്കിലായതുകൊണ്ട് നിങ്ങളുടെ സാമ്പത്തികനില ബാങ്കിനു വളരെ കൃത്യമായി അറിയാം. പണത്തിന്റെ കാര്യമായതുകൊണ്ട് ഏതെങ്കിലും തവണ മുടങ്ങിയാൽ തിരിച്ചടയ്ക്കാൻ ന്യായമായ സാവകാശം ബാങ്ക് നിങ്ങൾക്കു നൽകും. പുതിയ ഒരു ബാങ്കിൽനിന്നോ സ്ഥാപനത്തിൽനിന്നോ ആണു വായ്പ എടുക്കുന്നതെങ്കിൽ ഈ സാവകാശം ലഭിക്കണം എന്നില്ല.
എത്രയാണ് ഏറ്റവും കുറഞ്ഞ പലിശ?
ഇന്ന് ഏറ്റവും കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ നൽകുന്നത് എസ്ബിഐയും ആക്സിസ് ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ്. 75 ലക്ഷം രൂപവരെയുള്ള 20 വർഷക്കാലയളവിലെ വായ്പയ്ക്ക് ഈ ബാങ്കുകൾ ഈടാക്കുന്നത് 10.15 ശതമാനം പലിശയാണ്. വായ്പ എടുക്കുന്നത് സ്ത്രീയാണെങ്കിൽ എസ്ബിഐ 10.10 ശതമാനം പലിശയ്ക്കു ഭവനവായ്പ നൽകും. ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും 10.20 ശതമാനം പലിശയാണ് ഈടാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ പലിശ 11.75 ശതമാനമാണ്.
ബാങ്കോ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളോ നല്ലത്?
മികച്ച സേവനം വേണം. അപേക്ഷിച്ചാൽ ഉടൻ വായ്പയും കിട്ടണം എന്നാണെങ്കിൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളാണു നല്ലത്. എന്നാൽ വളരെ കുറഞ്ഞ പലിശയും തിരിച്ചടവിൽ വീഴ്ച വന്നാൽ സാവകാശവും വേണമെന്നുള്ളവർ ബാങ്കിൽ പോകുന്നതാണു നല്ലത്. ഭവനവായ്പ വേണം എന്നാവശ്യപ്പെട്ടാൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ അവരുടെ പ്രതിനിധികളെ നിങ്ങളുടെ ഓഫിസിലേക്കോ വീട്ടിലേക്കോ അയയ്ക്കും. ഓഫിസിൽ നിങ്ങൾ നേരിട്ടു പോകണം എന്നു പോലുമില്ല.
സ്ഥലം, വീട് തുടങ്ങിയവയുടെ രേഖകളുടെ ആധികാരികത പരിശോധിക്കണം എങ്കിൽ അവരുടെ വിദഗ്ധരുടെ സേവനം തന്നെ വിട്ടുതരും. ഇത്തരത്തിലുള്ള സേവനം മിക്ക ബാങ്കുകളിൽനിന്നും ലഭിക്കണമെന്നില്ല. പലിശയും ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളിലേതിനെക്കാൾ ബാങ്കുകളിൽ അൽപ്പം കുറവായിരിക്കും.
ഹൗസിങ് ഫിനാൻസ് സ്ഥാപനമായ ഡിഎച്ച്എഫ്എൽ ഈടാക്കുന്നത് 10.25 ശതമാനം പലിശയാണ്. പലിശയിളവും മൃദു സമീപനവുമാണോ വേണ്ടത്, അതോ മികച്ച സേവനവും പെട്ടെന്നു പണവുമാണോ വേണ്ടത്? ആദ്യം പറഞ്ഞതാണ് വേണ്ടതെങ്കിൽ ബാങ്കുകളിൽ പോകുക.
എത്ര കാലയളവ് എടുക്കണം?
പരമാവധി 30 വർഷം വരെ ഇപ്പോൾ ഭവനവായ്പ കിട്ടും. പലരും വെറുതെ എന്തിനു പലിശ കൂടുതൽ കാലം നൽകണം എന്നു കരുതി കുറഞ്ഞ കാലയളവിലേ ഭവനവായ്പ എടുക്കാറുള്ളു. കാലയളവ് എത്ര കൂടുന്നുവോ പ്രതിമാസ തിരിച്ചടവ് തുക അത്രയും കുറച്ചുമതി എന്ന കാര്യം മറക്കരുത്. ദീർഘകാലയളവിൽ വായ്പ എടുത്തു എന്നു കരുതി നേരത്തേ വായ്പ തിരിച്ചടച്ച് തീർക്കുന്നതിനു തടസ്സമൊന്നുമില്ല. കയ്യിൽ കൂടുതൽ പണം വരുമ്പോൾ അതു ഭവനവായ്പയിലേക്ക് ഒരുമിച്ച് അടയ്ക്കുന്നതിനു തടസ്സമൊന്നുമില്ല എന്ന കാര്യവും മറക്കരുത്.
ആർക്കൊക്കെ ഭവനവായ്പ കിട്ടും?
സ്ഥിരവരുമാനമുള്ളവർക്കാണു ഭവനവായ്പ കിട്ടുക. ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം ലഭിക്കുന്ന ബിസിനസ്, പ്രഫഷൻ, പെൻഷൻ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഭവനവായ്പ അനുവദിച്ചു നൽകാറുള്ളത്. സ്ഥിരവരുമാനമില്ലെങ്കിലും വർഷാവർഷം ആദായനികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുന്നവർക്കും അതിന്റെ അടിസ്ഥാനത്തിൽ ചില ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്.
വായ്പ അനുവദിക്കാൻ പ്രായപരിധി ഉണ്ടോ?
60 വയസ്സാണ് പൊതുവേ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും ബാങ്കുകൾക്ക് ഇക്കാര്യത്തിൽ വിവേചനാധികാരമുണ്ട്. ഭവനവായ്പയ്ക്കുള്ള അപേക്ഷ കിട്ടിയാൽ അപേക്ഷകരുടെ സാമ്പത്തിക അച്ചടക്കം മിക്ക ബാങ്കുകളും പരിശോധിക്കും. സിബിൽ റേറ്റിങ്ങാണ് ഇക്കാര്യത്തിൽ അന്തിമം. അപേക്ഷകന്റെ സിബിൽ റേറ്റിങ് മോശമാണെങ്കിൽ വായ്പ കിട്ടിയില്ല എന്നു വരാം. അല്ലെങ്കിൽ അപേക്ഷിച്ചത്രയും തുക കിട്ടിയില്ലെന്നും വരാം.
ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശനിരക്കുകൾ
ബാങ്ക് പലിശഎസ്ബിഐ 9.70%
എച്ച്ഡിഎഫ്സി ബാങ്ക് 9.85
ആക്സിസ് ബാങ്ക് 9.95
ബാങ്ക് ഓഫ് ബറോഡ 9.65
കാനറ ബാങ്ക് 10.10
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ