സ്വപ്നത്തിലെ വീട് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണോ നിങ്ങള്‍? വീട് വാങ്ങുമ്പോള്‍ ഒരു വിവാഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ ജാഗ്രത ഉണ്ടായിരിക്കണം. കാരണം സ്വന്തക്കാരും സുഹൃത്തുക്കളും മുതല്‍ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും വരെ വലിയൊരു നിര നിരവധി പ്രലോഭനങ്ങളുമായി നിങ്ങള്‍ക്ക് ചുറ്റിനുമുണ്ടാകും. പ്രത്യേകിച്ച് പണച്ചെലവൊന്നുമില്ലാത്തതിനാല്‍ ഉപദേശങ്ങള്‍ ധാരാളം കിട്ടിയേക്കും. എന്തായാലും ഒടുവിലത്തെ തീരുമാനം നിങ്ങളുടേത് തന്നെയായിരിക്കണം. കാരണം വീട് എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ സ്വയം അനുഭവിക്കേണ്ടത് വാങ്ങുന്നയാളാണ്. വീട് വാങ്ങാന്‍ തീരുമാനമെടുത്തെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:
സ്വയം ശേഷി വിലയിരുത്തുക
വീട് വാങ്ങാനുള്ള ശേഷി നിങ്ങള്‍ക്ക് ഉണ്ടെന്ന്് ഉറപ്പാക്കാന്‍ ചില ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകള്‍ എത്രത്തോളമുണ്ട്, അവയുടെ തിരിച്ചടവ് സ്വഭാവം എന്താണ്? ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ബാധ്യത താങ്ങാന്‍ തക്കവണ്ണം നിങ്ങളുടെ വരുമാനം സ്ഥിരമാണോ? അടുത്ത മാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നു വേണോ ഭവന വായ്പ അട യ്ക്കാന്‍, അതോ ഭവന വായ്പയുടെ തിരിച്ചടവിനായി നിങ്ങള്‍ക്ക് പ്രത്യേക സമ്പാദ്യം ഉണ്ടോ? ഇക്കാര്യങ്ങളില്‍ തൃപ്തികരമായ ഒരു ഉത്തരമാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ മാത്രം വീടുവാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുക.
വീട് എവിടെയായിരിക്കണം
നിങ്ങളുടേത് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റമുള്ള ജോലിയാണോ, ഓഫീസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കുള്ള ദൂരം എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം വീട് എവിടെ വാങ്ങണം എന്ന തീരുമാനമെടുക്കാന്‍.
ഭാവിയിലേക്കുള്ള പ്രതീക്ഷ
കണ്ണടച്ച് വാങ്ങിച്ചോ, വില ഒരിക്കലും ഇടിയില്ല എന്നുപറയാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ സത്യമതല്ല. മറ്റു പലതിന്റേതുമെന്നപോലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെയും വില ഇടിഞ്ഞേക്കാം. അതിനാല്‍ ഭാവിയില്‍ വന്‍ ലാഭത്തിന് വില്‍ക്കാനാകും എന്ന പ്രതീക്ഷയിലാകരുത് വീട് വാങ്ങുന്നത്.
വായ്പ കിട്ടാനുള്ള വഴി
സമ്പാദ്യം എടുത്താണോ വീട് വാങ്ങുന്നത്, അതോ ഭവന വായ്പ എടുത്തോ? വായ്പ എടുത്താണെങ്കില്‍ ഏത് ബാങ്കില്‍ നിന്ന്, എത്ര രൂപ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രം ബില്‍ഡറുമായി കരാറില്‍ ഏര്‍പ്പെടുക. വായ്പ തങ്ങള്‍ ശരിയാക്കിതരാം, ബാങ്കുമായി ടൈ അപ് ഉണ്ട്, എന്നൊക്കെ ബില്‍ഡര്‍ പറഞ്ഞേക്കാം. അത് ശരിയുമായിരിക്കും. പക്ഷേ അങ്ങനെ കിട്ടുന്ന വായ്പയുടെ പലിശനിരക്ക് എന്തായിരിക്കും എന്നത് പരിശോധിക്കണം. ചിലപ്പോള്‍ അത് മറ്റൊരു ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടിയേക്കാവുന്ന നിരക്കിനേക്കാള്‍ കൂടുതലായേക്കാം.
വില്‍പ്പന കരാര്‍ പരിശോധിക്കുക
കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമായെന്ന് വരില്ല. അതിനാല്‍ ശ്രദ്ധിക്കുക, ബില്‍ഡറോ, ബ്രോക്കറോ എത്ര തിരക്ക് പിടിച്ചാലും വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഒപ്പിടുക.
അടിസ്ഥാന വിലയും യഥാര്‍ത്ഥ വിലയും
പരസ്യത്തില്‍ പറയുന്നതായിരിക്കില്ല മിക്കപ്പോഴും അപ്പാര്‍ട്ട്‌മെന്റിന്റെ യഥാര്‍ത്ഥ വില. പരസ്യത്തിലേത് അടിസ്ഥാന വിലയായിരിക്കും. അതിന്റെ കൂടെ കാര്‍ പാര്‍ക്കിംഗ്, കെയര്‍ടേക്കിംഗ് ചാര്‍ജ്, മാലിന്യ-മലിനജല സംസ്‌കരണം പോലുള്ള പൊതു സംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് തുടങ്ങിയവകൂടി ച്ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 20-30 ശതമാനം കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കും. വില്‍പ്പനകരാര്‍ വെക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിയണം.
സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും
സ്റ്റെയര്‍കേസ്, ലോബി, ഇടനാഴി തുടങ്ങിയ പൊതുസൗകര്യങ്ങളുടെകൂടി അളവ് ചേര്‍ന്നതാണ് ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്പര്‍ ഏരിയ. അപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കുന്ന സ്ഥലമാണ് കാര്‍പ്പെറ്റ് ഏരിയ. കാര്‍പ്പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്, അവിടെയാണ് താമസിക്കേണ്ടി വരുന്നത്. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.
നികുതികള്‍ ആര് കൊടുക്കും?
വില്‍പ്പന നികുതി, രജിസ്‌ട്രേഷന്‍ ചാര്‍ജ്, കെട്ടിട നികുതി ഇങ്ങനെ വിവിധ നികുതികള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന് ബാധകമാണ്. ചില ബില്‍ഡര്‍മാര്‍ നികുതി അടയ്ക്കുകയും പിന്നീട് വാങ്ങുന്നവരില്‍ നിന്ന് വിലയില്‍ ഉള്‍പ്പെടുത്തി ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. കൈമാറുന്നതിനു മുമ്പ് നികുതികള്‍ അടച്ചു തീര്‍ക്കേണ്ടത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ബാധ്യതകള്‍ അറിയുക
നിങ്ങള്‍ വാങ്ങുന്ന അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡറുടെ സ്വന്തം ഭൂമിയില്‍ പണിതതാണോ, അതോ മറ്റൊരാളുടെ ഭൂമിയില്‍ പണിതതോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊരാളുടെ ഭൂമിയില്‍ പണിതതാണെങ്കില്‍ ബില്‍ഡര്‍ക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകള്‍ പരിശോധിക്കണം. ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തണം. മുന്‍ ആധാരങ്ങള്‍ ചോദിച്ച് വാങ്ങണം
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
[Courtesy: https://www.facebook.com/ArogyamanuSambathu]
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ