നല്ല അടുക്കോടെയും ഭംഗിയോടെയും ഇരിക്കുന്ന വീട് പടത്തിൽ മാത്രമേ ഉളളൂ എന്നു നിരാശപ്പെടാൻ വരട്ടെ ! നിങ്ങളുടെ വീടിനും അതിനു കഴിയും. പല വീട്ടുകാരും പരീക്ഷിക്കുന്ന ഏതാനും നുറുങ്ങു വിദ്യകൾ ഒന്നു ട്രൈ ചെയ്തു നോക്കൂ ! സന്തോഷകരമായ കാര്യം ഇതിന് ഏതാനും മിനിറ്റുകൾ മാത്രമേ വേണ്ടി വരുന്നുളളൂ എന്നതാണ് .ഓൾ ദി ബെസ്റ്റ്
∙ചെരുപ്പുകൾ പടിക്കു പുറത്ത് (അര നിമിഷം)
ചെരുപ്പുകൾ ഒരു കാരണവശാലും വീടിനകത്തേക്കു കയറ്റരുത്. പൊടിയും അഴുക്കും രോഗാണുക്കളും വീടിനകത്തേക്കു കടക്കുന്ന വഴിയാണിത്. കുട്ടികളാണെങ്കിൽ കളി കഴിഞ്ഞുവരുമ്പോൾ പ്രത്യേകിച്ചും. അതിഥികൾക്കും ഈ ഒരു സൂചന കൊടുക്കാൻ കഴിഞ്ഞാൽ നല്ലത്.
∙കിടക്ക വിരിക്കുക(രണ്ടു മിനിറ്റ്)
വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് കിടക്ക വൃത്തിയായി വിരിച്ചിടുക. വൃത്തിയായ കട്ടിൽ. മുറിക്ക് വൃത്തിയുളള ഫീൽ തരും.
∙ബാത്റൂം തൂക്കുക(നാല് മിനിറ്റ്)
കുളി കഴിഞ്ഞ ഉടനെ ചൂലുകൊണ്ട് ബാത്റൂം തറയിലെ വെളളം തൂത്തു വിടുക. ബാത്റൂം പെട്ടെന്ന് ഉണങ്ങട്ടെ. ഡ്രെയിൻ ഹോളിൽ മുടിയുണ്ടെങ്കിൽ കളയാം. ഷവർ എൻക്ലോഷറുകളാണെങ്കിൽ സ്പോഞ്ച് കൊണ്ട് ഗ്ലാസ് തൂത്തെടുത്താൽ ഗ്ലാസ് എപ്പോഴും തിളങ്ങിയിരിക്കും
∙ബാത്റൂം സിങ്ക് തുടയ്ക്കുക(മൂന്നു മിനിറ്റ്)
വാഷ്ബേസിനു കീഴെ തുടയ്ക്കാനുളള തണിയോ ടിഷ്യുവോ വച്ചാൽ പല്ലുതേപ്പ് കഴിയുമ്പോൾ വെളളം ഒന്നു തൂത്തെടുക്കാം. ടൂത്ത് പേസ്റ്റിന്റെ പാടുകൾ അവശേഷിക്കില്ല. ബൗൾ എപ്പോഴും വൃത്തിയായിരിക്കുകയും ചെയ്യും.
∙കിച്ചൻ സിങ്ക് കഴുകുക(അഞ്ചു മിനിറ്റ്)
രാത്രി കിടക്കാൻ പോകുന്നതിനു മുമ്പ് കിച്ചൻ സിങ്ക് കഴുകിയെടുക്കുക. വിനാഗിരിയും മൂന്നിരട്ടി വെളളവും സോപ്പും ചേർത്ത ലായനി ഒരു സ്പ്രേ ബോട്ടിലിൽ കരുതിവച്ചാൽ ദിവസവും ഉപയോഗിക്കാം. ലായനി സ്പ്രേ ചെയ്ത് സ്ക്രബ്ബർ കൊണ്ട് തുടച്ചു കഴുകാം.
∙പാചകത്തിനൊപ്പം വൃത്തിയാക്കലും (ടൂ–ഇൻ– വൺ)
പാത്രങ്ങൾ കൂട്ടിയിടാതെ പാചകത്തിന്റെ ഇടവേളകളിൽ തന്നെ അടുക്കള വൃത്തിയാക്കാനും സ്മാർട് വീട്ടമ്മമാർക്കാവും. പാചകം നടത്തുന്നതിനിടയിൽ ആവശ്യം കഴിഞ്ഞ പാത്രങ്ങൾ നീക്കുകയും വൃത്തിയാക്കുകയും ചെയ്യാം. കിച്ചൻ വൃത്തിയാക്കാതെ രാത്രി കിടക്കാൻ പോകരുത്
∙ഫാമിലി ക്ലീനിങ്(10 മിനിറ്റ്)
റങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ‘ക്വിക്ക് ക്ലീനിങ്’ നടത്തിനോക്കൂ. ചിതറിക്കിടക്കുന്ന ടോയ്സും മാസികകളും വസ്ത്രങ്ങളും യഥാസ്ഥാനത്ത് തിരിച്ചു വയ്ക്കുക. കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബത്തിനു മൊത്തം ഈ ‘വ്യായാമ’ത്തിൽ പങ്കുചേരാം. എല്ലാവരും ഒന്നിച്ചു ചെയ്യുന്നതിനാൽ അധികം സമയമെടുക്കുകയുമില്ല. രാവിലെ എഴുന്നേറ്റു വരുമ്പോൾ അടുക്കും ചിട്ടയുമുളള വീട്ടകങ്ങൾ മനസ്സിനു സന്തോഷം തരും.
∙തുണികൾ യഥാസ്ഥാനത്ത്(അഞ്ചു മിനിറ്റ്)
എല്ലാ മാസ്റ്റർ ബെഡ്റൂമിലും കാണും ഒരു കസേര. തിങ്കളാഴ്ച മുതൽ തുടങ്ങിയാൽ ആഴ്ചയവസാനമെത്തുമ്പോഴേക്കും കസേര നിറയെ തുണിയായിരിക്കും. അത് ഒഴിവാക്കാൻ രാത്രി കിടക്കാൻ പോകുന്നതിനു മുമ്പ് മുഷിഞ്ഞതും മടക്കി വച്ചതുമായ തുണികൾ അവയുടെ സ്ഥാനത്ത് വയ്ക്കുക.
∙ജനാലകൾ തുറന്നിടുക(അഞ്ചു മിനിറ്റ്)
എല്ലാ ദിവസവും കുറച്ചു നേരത്തേക്കെങ്കിലും മുൻവാതിലും പിൻവാതിലും തുറന്നിടണം. ഒപ്പം ഏതെങ്കിലും ജനലുകളും സൂര്യപ്രകാശവും കാറ്റും മുറിക്കകത്തു കയറട്ടെ. മുഷിഞ്ഞ വായു പുറത്തേക്ക് പോകുന്നതിനു ഇതു സഹായിക്കും. ഇതു വീടിനെ കൂടുതൽ ഫ്രഷ് ആക്കി മാറ്റും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ