*ഫിലമെന്റ് ബള്‍ബുകള്‍ക്ക് വിലക്ക്
*ഹീറ്ററും ഇന്‍വെര്‍ട്ടറും സോളാറാക്കണം
*വലിയ വീടുകളില്‍ സോളാര്‍ പ്ലാന്റ് വേണം
തൃശ്ശൂര്‍: സംസ്ഥാനത്ത് പൊതുകെട്ടിടങ്ങളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും തെരുവുവിളക്കുകളിലും ഫിലമെന്റ് ബള്‍ബുകളും മാഗ്‌നറ്റിക് ചോക്കുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്രയടിയോ അതില്‍ക്കൂടുതലോ ഉള്ള വീടുകള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധമാക്കിയും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് ഊര്‍ജസംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വീടുകളില്‍ സോളാര്‍ ഹീറ്ററേ സ്ഥാപിക്കാവൂ. പുതുതായി സ്ഥാപിക്കുന്ന ഇന്‍വെര്‍ട്ടറുകള്‍ സൗരവൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് െചയ്യുന്നതാവണം.
നിലവിലുള്ള ഇന്‍വെര്‍ട്ടറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സോളാറാക്കണം. കാര്‍ഷികാവശ്യത്തിന് പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കണമെങ്കില്‍ കുറഞ്ഞത് നാല് സ്റ്റാര്‍ റേറ്റിങ് ഉള്ള പമ്പ്‌സെറ്റുകളും ബി.ഐ.എസ്. മുദ്രയുള്ള അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കണം. സ്റ്റാര്‍ റേറ്റിങ് ഇല്ലാത്ത പമ്പ്‌സെറ്റുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കണം.
തെരുവുവിളക്കുകളിലും ഹൈമാസ്റ്റ് വിളക്കുകളിലും സോഡിയം വേപ്പര്‍, മെറ്റല്‍ ഹാലൈഡ്, മെര്‍ക്കുറി വേപ്പര്‍ വിളക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കി. ഹോര്‍ഡിങ്‌സ്, പരസ്യ ബോര്‍ഡുകള്‍ എന്നിവയില്‍ എല്‍.ഇ.ഡി. വിളക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
പുതുതായി നിര്‍മിക്കുന്ന 3000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ കുറഞ്ഞത് ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. നിലവിലുള്ള ഇത്തരം വീടുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവ സ്ഥാപിക്കണം. 2000 മുതല്‍ 3000 ചതുരശ്രയടിവരെയുള്ള വീടുകളില്‍ കുറഞ്ഞത് 500 വാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് മതി.
2000 ചതുരശ്രഅടിയില്‍ കൂടുതലുള്ള വീടുകളില്‍ കുറഞ്ഞത് നൂറ് ലിറ്റര്‍ ശേഷിയുള്ള സോളാര്‍ ഹീറ്ററാണ് സ്ഥാപിക്കേണ്ടത്.
അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇന്‍വെര്‍ട്ടറുകള്‍ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവൂ.
വൈദ്യുതി ഉപയോഗം കൂടുന്ന സമയങ്ങളില്‍ ഇന്‍വെര്‍ട്ടറുകള്‍ ഗ്രിഡ് വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്വയം വൈദ്യുതി വിച്ഛേദിക്കുന്ന സംവിധാനമേര്‍പ്പെടുത്തണം. ഫ്ലാറ്റുകള്‍ പോലുള്ള ബഹുനിലക്കെട്ടിടങ്ങളില്‍ പൊതു ഇടങ്ങളിലെ വെളിച്ചാവശ്യത്തിന് സൗരവൈദ്യുതിയോ സൗരകാറ്റാടി സങ്കര സംവിധാനമോ ഏര്‍പ്പെടുത്തണം.
നൂറ് കിലോവാട്ട് കണക്റ്റഡ് ലോഡോ 500 ചതുരശ്രമീറ്ററോ അതില്‍ക്കൂടുതലോ എ.സി. സ്ഥലമോ ഉള്ള കെട്ടിടങ്ങളുടെ രൂപകല്പനയും നിര്‍മാണവും ഊര്‍ജ സംരക്ഷണ ബില്‍ഡിങ് കോഡ് അനുസരിച്ചാവണം. ഓഫീസ് സമുച്ചയം, ഷോപ്പിങ് കോംപ്ലക്‌സ്, ആസ്പത്രികള്‍, ഗോ!ഡൗണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
ദേശീയപാത, ബൈപ്പാസ്, പ്രധാന ജങ്ഷനുകള്‍ എന്നിവിടങ്ങളിലേ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാവൂ. മറ്റിടങ്ങളില്‍ ഊര്‍ജ ഉപയോഗം ആയിരം വാട്ടില്‍ താഴെയുള്ള ലോ മാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കണം.
ട്രാഫിക് കുറവുള്ള സമയങ്ങളില്‍ വോള്‍ട്ടേജ് കുറച്ചോ ഒന്നിടവിട്ട വിളക്കുകള്‍ അണച്ചോ ഊര്‍ജ ഉപയോഗം കുറയ്ക്കാന്‍ സംവിധാനമേര്‍പ്പെടുത്തണം. തെരുവ് വിളക്കുകളിലെ വൈദ്യുതി ഉപയോഗം അളക്കുകയും വേണം.
പുതുതായി സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ ത്രീസ്റ്റാറോ അതിന് മുകളിലോ ഊര്‍ജക്ഷമതയുള്ളതാവണം. ഓരോ 15 വര്‍ഷത്തിലും ഇവയുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന നടത്തണം. ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുമ്പോള്‍ സ്റ്റാര്‍ റേറ്റിങ് ഉള്ളവയാണെന്ന് ഉറപ്പാക്കണം. ബോയിലറുകളുടെയും അനുബന്ധ ആവിവിതരണക്കുഴലുകളുടെയും ഊര്‍ജക്ഷമതയും ഉറപ്പാക്കണം. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ചട്ടങ്ങളിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശമുണ്ട്.
. [കടപ്പാട്: മാതൃഭൂമി..]
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"