വൈദ്യുതി മീറ്റർറീഡിങ് എടുക്കാൻ വീട്ടിൽ ആളുവരുമ്പോൾ വീട്ടുടമസ്ഥർ സ്ഥലത്തില്ലെങ്കിൽ പിഴയടക്കേണ്ടിവരുമെന്നു കേട്ട് ഞെട്ടാത്തവർ ആരുണ്ട്? അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജ് എംസിഎ വിദ്യാർഥി ജോജോ ജേക്കബിന് അത്തരം ഞെട്ടലൊന്നുമില്ല. ജോജോ വികസിപ്പിച്ച ആൻഡ്രോയ്ഡ് സ്മാർട്ട് മീറ്റർ ഉണ്ടെങ്കിൽ സംഗതി സിംപിൾ. എംബഡഡ് സീ ലാംഗ്വേജ് ഉപയോഗിച്ച് തയാറാക്കിയ ഐസി ചിപ്പ് നിലവിലുള്ള മീറ്ററുമായി ബന്ധിപ്പിച്ച് സ്മാർട്ട് ആക്കും. ഇതുവഴി മീറ്ററിലെ വൈദ്യുതി ഉപഭോഗം കെഎസ്ഇബി ഓഫിസിൽ ഇരുന്നുതന്നെയറിയാം. ബിൽ തുക യഥാസമയം അടയ്ക്കാത്ത ഉപഭോക്താവിന്റെ കണക്‌ഷൻ വിച്ഛേദിക്കാൻ ബോർഡ് സ്വന്തം കംപ്യൂട്ടറിൽ ഒന്നു വിരലമർത്തിയാൽ മതിയാവും. പൊരിവെയിലത്തും പെരുമഴയത്തും വൈദ്യുതി പോസ്റ്റിൽ കയറി വിഷമിക്കുന്ന ലൈൻമാൻമാരുടെ പണി പകുതി എളുപ്പമാവും.
ബോർഡിനു മാത്രമല്ല, ഉപഭോക്താവിനും ഇത് ഏറെ ഗുണകരമാണ്. മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചു ലോകത്തിന്റെ ഏതുകോണിൽനിന്നും വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിയും. ദുരയാത്രകൾ പോകുമ്പോൾ മൊബൈൽ ഉപയോഗിച്ചുതന്നെ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യാം. ബിൽ ഡൗൺലോഡ് ചെയ്യാനും പേയ്മെന്റിനും സംവിധാനം ഉപയോഗിക്കാം. ഓരോദിവസം ഉപയോഗിച്ച വൈദ്യുതിയുടെ അളവും മൊബൈൽഫോണിലെത്തും. പരാതികൾ അറിയിക്കാനുള്ള സംവിധാനവുമുണ്ട്.
ഫിസാറ്റ് എൻജിനീയറിങ് കോളജ് അവസാനവർഷ എംസിഎ വിദ്യാർഥിയായ ജോജോ ഫൈനൽ ഇയർ പ്രോജക്ടിന്റെ ഭാഗമായാണു സ്മാർട് മീറ്റർ വികസിപ്പിച്ചെടുത്തത്. വകുപ്പു മേധാവി സന്തോഷ് കൊറ്റം, അധ്യാപകരായ ദീപ മേരി മാത്യൂസ്, ജിബി ജയിംസ്, നിർമല ജോർജ് എന്നിവർ മാർഗനിർദേശങ്ങൾ നൽകി. സ്മാർട്ട് മീറ്റർ യാഥാർഥ്യമാക്കാൻ വൈദ്യുതിബോർഡിനെ സമീപിക്കാനും ജോജോ തീരുമാനിച്ചിട്ടുണ്ട്.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ