വീട്ടിനകത്തെ ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ടെറസ്സില്‍ തെങ്ങിന്‍പട്ടയോ വൈക്കോലോ നിരത്താറുണ്ട് ചിലര്‍. ചിലര്‍ ടെറസ്സില്‍ ഇടയ്ക്കിടെ വെള്ളം പമ്പുചെയ്ത് നനയ്ക്കും. ഇതൊക്കെ ചൂടിന് തല്‍ക്കാല ശമനം ഉണ്ടാക്കാന്‍ കൊള്ളാം. പക്ഷേ, വീടിന് സ്ഥലം തിരഞ്ഞെടുക്കുന്നത് മുതല്‍ ഫ്ലോറിങ്‌സിന് മെറ്റീരിയല്‍ തീരുമാനിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ചൂട് പരമാവധി കുറയ്ക്കാവുന്നതേയുള്ളൂ.
പ്രകൃതിയെ അറിഞ്ഞ് വീടുണ്ടാക്കുകയാണ് ചൂട് കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കാം. ജനലുകള്‍ക്ക് വീതി കൂടിയ സണ്‍ഷേഡുകള്‍ പണിയുന്നതും നന്നായിരിക്കും.
വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം. ഇതുവഴി തണുത്ത കാറ്റിനെ കൂടുതലായി മുറികളിലെത്തിക്കാം. ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
പരന്ന മേല്‍ക്കൂരകളേക്കാള്‍ (ഫ്ലാറ്റ് റൂഫ്) ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും. സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കുകയും ആവാം. ലാറി ബേക്കറുടെ കണ്ടെത്തലായ 'ഫില്ലര്‍ കോണ്‍ക്രീറ്റ് റഫറോ സിമന്റ് റൂഫ്' എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറയ്ക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയാണിത്. കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.
കമ്പി, സിമന്റ്, ഗ്ലാസ്, സിമന്റ് ബ്ലോക്കുകള്‍, ടൈലുകള്‍, പെയിന്റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. വീടിന് തറ പണിയാന്‍ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം. സിമന്റിന് പകരമായി ചുമര്‍ തേയ്ക്കുന്നതിന് മണ്ണുപയോഗിക്കുന്ന 'മഡ് പ്ലാസ്റ്ററിങ്ങി'ന് പ്രിയമേറി വരികയാണ്.
തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിലെ എന്റെ വീടിന്റെ ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത് മണ്ണുകൊണ്ടാണ്. തൃശ്ശൂര്‍ മിണലൂരിലെ പ്രദീപിന്റെ വീടും ഇയ്യാലില്‍ ടി.ഡി. രാമകൃഷ്ണന്റെ വീടും ഇത്തരത്തില്‍ തന്നെയാണ് ഞാനുണ്ടാക്കിയത്. വീടിനകത്ത് ചൂട് കുറയും എന്നത് മാത്രമല്ല, ചെലവ് താരതമ്യേന കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 14-16 രൂപയേ ചെലവാകൂ. പെയിന്റിങ് ആവശ്യമില്ല എന്നതുകൊണ്ട് വരും വര്‍ഷങ്ങളിലെ സാമ്പത്തിക നഷ്ടവും കുറയ്ക്കാനാവും. പരുക്കനായും (റഫ്) മിനുസമായും (സ്മൂത്ത്) മണ്ണ് തേയ്ക്കുന്ന രീതിയുണ്ട്. പെയിന്റിനെ വെല്ലുന്ന അഴകാണ് മഡ് പ്ലാസ്റ്ററിങ്ങിന്റെ മറ്റൊരു പ്രത്യേകത.
ഫ്ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. തറയോടുകളുടേയും ചിരട്ടക്കരിയുടേയും തറകള്‍ തിരിച്ചുവരുന്നുണ്ട്. തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. മരപ്പലകകൊണ്ടുള്ള നിലങ്ങളും (വുഡണ്‍ ഫ്ലോറിങ്) ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. വീടിനകത്ത് നടുമുറ്റം ഒരുക്കുന്നതുവഴി അകത്തുള്ള ചൂടിനെ പുറന്തള്ളാന്‍ സാധിക്കും.
വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതും ടൈലുകള്‍ പതിക്കുന്നതും മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിടാതെ ഒഴുകിപ്പോകാന്‍ ഇടയാക്കും. ഇത് വേനല്‍ക്കാലത്ത് വീടിന് ചുറ്റും ചൂട് കൂട്ടും. പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ധാരാളം ഇലകളുള്ള ഒന്നോ രണ്ടോ മരങ്ങള്‍ നടുകയാണ് നല്ലത്. ഒരു മരം മുറ്റത്തുണ്ടായാല്‍ വീടിനകത്ത് ചൂട് പകുതി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മരം ചെലവേറിയ നിര്‍മാണവസ്തുവായതോടെ ഗ്ലാസിന്റെ ഉപയോഗം കൂടി. കൂടുതലായി ചൂട് അകത്തേക്ക് കടത്തിവിടുന്ന ഗ്ലാസിന്റെ ഉപയോഗം എത്രകണ്ട് കുറയ്ക്കാമോ അത്രകണ്ട് ചൂടും കുറയ്ക്കാം. ജനലുകള്‍ക്ക് സണ്‍ഗ്ലാസുകളോ അള്‍ട്രാവയലറ്റ് ഫില്‍റ്റര്‍ ഗ്ലാസുകളോ വെക്കുന്നത് നന്നായിരിക്കും.
പെയിന്റുകള്‍ വീടിനകത്തെത്തുന്ന ചൂടിനെ ആഗിരണം ചെയ്യുകയും റിഫ്ലാക്ട് ചെയ്യുകയും ചെയ്യും. ഇതുകാരണം ചൂടു കൂടാന്‍ ഇടയാകും. സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച, വെള്ള നിറങ്ങളിലുള്ള പെയിന്റുപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്. ചൂടിനെ നിയന്ത്രിക്കുന്നതില്‍ ലൈറ്റിങ്ങിനുമുണ്ട് റോള്‍. സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ബള്‍ബുകള്‍ വെക്കുന്നത് ചൂട് പരമാവധി കുറയ്ക്കും.
(courtesy:mathrubhumi)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
താങ്ക്സ്
മറുപടിഇല്ലാതാക്കൂ