നമ്മളിൽ പലരുടെയും ജീവിത അഭിലാഷമാണ് സ്വന്തമായി അൽപ്പം ഭൂമി എന്നത്. പലപ്പോളും ഒരുപാട് നാളത്തെ അദ്ധ്വാനഫലവും ആയുഷ്‌ക്കാലത്തെ നീക്കിയിരിപ്പും നൽകിയായിരിക്കും അത് സ്വന്തമാക്കുന്നത്. പക്ഷെ ചെറിയ ചില പാളിച്ചകൾ മതി വസ്തു ഇടപാടിൽ ചതിക്കപ്പെടാൻ. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലം വാങ്ങി രെജിസ്റ്റ്റേഷൻ കഴിഞ്ഞ് അതിൽ വീടും പണിത് താമസം തുടങ്ങി കഴിഞ്ഞായിരിക്കും ആ സ്ഥലത്തിന് മുകളിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനം അറ്റാച്ച്മെന്റ് കൊണ്ട് വരുന്നത് അതും വലിയ തുകയുടെ. മുൻപത്തെ ഉടമ ഏതെങ്കിലും കാലത്ത് ആ ധനകാര്യ സ്ഥാപനത്തിന് നൽകിയ കരമടച്ച റസീറ്റിന്റെ ഒരു കോപ്പി മതി അവർക്ക് ഇപ്പോൾ നമ്മുടേതായ സ്ഥലം അറ്റാച്ച് ചെയ്യാൻ. ഭാവിയിൽ ഇതുപോലുള്ള പ്രശനങ്ങൾ ഇല്ലാതിരിക്കാൻ ഭൂമി വാങ്ങുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട ചില രേഖകൾ താഴെ കൊടുക്കുന്നു :-
1. TitleDeed (ആധാരം ):- ആരിൽ നിന്നാണോ നമ്മൾ സ്ഥലം വാങ്ങുന്നത് വ്യക്തിക്ക് പ്രസ്തുത സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ആധാരം
2. മുന്നാധാരം :- ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക. കഴിയുന്നതും ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നത് നന്നായിരിക്കും.
3. Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റിൽ നോക്കിയാൽ അറിയാൻ സാധിക്കുന്നതാണ്. ഇതിനായി സബ് രജിസ്റ്റർ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.
4. Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):- സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിക്ഷിപ്തമാണ് എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.
5. Non Attachment certificate:- പ്രസ്തുത വസ്തുവിന്മേൽ എന്തെങ്കിലും തരത്തിലുള്ള നിയമ നടപടികൾളോ ജപ്തി നടപടികളോ അറ്റാച്മെന്റോ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
6. Land Tax Receipt (കരമടച്ച രസീത്):- കരമടച്ച രസീതി പരിശോദിക്കുമ്പോൾ ഏറ്റവും പുതിയ തീയതിയിൽ ഉള്ള ഭൂനികുതി അടച്ച രസീതി ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.
7. Record of Right ( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്
8. Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമിയാണ് എന്ന് ഉറപ്പുവരുത്താൻ ഈ രെജിസ്ടരിൽ നോക്കിയാൽ മതി. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും. ഉദാഹരണത്തിന് നിലം ആണെങ്കിൽ അതിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.
9.Location Sketch:- വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.
ഈ രേഖകൾ എല്ലാം തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇടപാട് നടത്തുക. കഴിയുന്നതും വസ്തു ഇടപാട് നടത്തി പരിചയമുള്ളവരുടെയും, നിയമ വിദഗ്ധരുടെയും സഹായവും തേടുന്നതും ഉചിതമായിരിക്കും….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ