വൈദ്യുതിനിരക്ക് വർധന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. എട്ടുമുതൽ പത്തുശതമാനംവരെ വർധനയാണ് റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്.
മാസങ്ങൾക്കുമുമ്പുതന്നെ നിരക്കുവർധന തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടി. നേരത്തേ നിശ്ചയിച്ചതിൽ തിരുത്തലുകൾ വരുത്താനും സർക്കാർ കമ്മിഷന് നിർദേശം നൽകി. കുറഞ്ഞതോതിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കൂടുതൽ വർധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷൻ സർക്കാരിനെ അറിയിച്ചത്.
രണ്ടുവർഷത്തേക്ക് ഒരുമിച്ച് നിരക്ക് പരിഷ്കരിക്കാനാണ് കമ്മിഷൻ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോർഡ് അപേക്ഷ നൽകിയത്. എന്നാൽ, ഒരുവർഷത്തേക്കു മാത്രമുള്ള നിരക്കുവർധനയേ ഇപ്പോൾ പ്രഖ്യാപിക്കൂ.
വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോർഡ് അപേക്ഷിച്ചത്. താഴെത്തട്ടിലെ സ്ലാബുകളിലാണ് ബോർഡ് കൂടുതൽ വർധന ആവശ്യപ്പെട്ടത്. ഈ വർഷം 1100 കോടിരൂപയാണ് ബോർഡ് ലക്ഷ്യമിടുന്നത്. 7400 കോടിരൂപയാണ് ഇപ്പോൾ ബോർഡിന്റെ ആകെ കടം. എന്നാൽ, ഇത്രയും തുക കമ്മിഷൻ അനുവദിക്കില്ല.
നിരക്കുവർധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്. പ്രതീക്ഷിച്ച മഴ ഇനിയും കിട്ടിയിട്ടില്ല. അണക്കെട്ടുകളിൽ വെള്ളം കുറവാണ്. 15-ന് ബോർഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ