കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട.
ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും.
എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ള സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.
കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.