വീട് വാങ്ങാനൊരുങ്ങുന്നവർ അതിന് മുമ്പായി വിലയിരുത്തേണ്ട വിവിധ ഘടകങ്ങളുണ്ട്. വസ്തു വാങ്ങുന്നത് പലപ്പോഴും വ്യക്തികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ കാര്യങ്ങളിലൊന്നാണ്. ചിലർ ജീവിതകാലം മുഴുവനുള്ള ഉപയോഗത്തിനായി, മറ്റു ചിലരാകട്ടെ നിക്ഷേപമെന്ന നിലയിലുമാണ് വീട് വാങ്ങുന്നത്. രണ്ടായാലും ജീവിത സമ്പാദ്യത്തിലെ നല്ലൊരു പങ്ക് ചെലവിടുന്നതെന്ന നിലയിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വീട് വാങ്ങുന്നതിനു മുമ്പ് വിവിധ ഘടകങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തണം. പ്രമുഖ റിയൽ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോമായ കോമൺഫ്ലോർ.കോം നൽകുന്ന 10 ഉപദേശങ്ങൾ.
- ആവശ്യം വിലയിരുത്തുക
ആദ്യമായും പ്രധാനമായും വിലയിരുത്തേണ്ടത് താങ്കളുടെ ജീവിതശൈലിക്കനുസരിച്ച് വാങ്ങേണ്ട വീടിന്റെ വലിപ്പമാണ്. റെഗുലർ ഹൗസിങ്ങ് പ്രൊജക്‌ടുകളിൽ നിശ്‌ചിതമായ ചില മാതൃകകളുണ്ടായിരിക്കും അതേസമയം നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് വലുപ്പം നിശ്‌ചയിക്കാവുന്നതാണ് ഉപയോക്താക്കളുടെ താൽപര്യമനുസരിച്ച് വയ്‌ക്കുന്ന കസ്‌റ്റം മെയ്ഡ് ഹോംസ്. ജീവിതകാലത്തേക്കായി വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഇന്നത്തെയും നാളത്തെയും അടക്കമുള്ള ആവശ്യങ്ങൾ വിസ്തൃതി നിർണയിക്കുമ്പോൾ പരിഗണിക്കപ്പെണം.
- ശരിയായ സ്‌ഥലം കണ്ടെത്തുക
വസ്തു നിക്ഷേപത്തിന് ശരിയായ സ്‌ഥലം കണ്ടെത്തുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. ഓരോ വ്യക്തിക്കും അവരുടേതായ താൽപര്യങ്ങളുണ്ടാകും. ജോലിസ്‌ഥലത്തേക്കും സ്‌കൂളിലേക്കുമുള്ള ദൂരം, മാർക്കറ്റ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. യാത്രാസൗകര്യം, പൊതുഗതാഗതം എന്നിവയാണ് മറ്റു രണ്ട് ഘടകങ്ങൾ. നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുക, പൊതുഗതാഗത സൗകര്യമുണ്ടാകുക ഇവ പ്രധാനമാണ്. സമീപകാലത്ത് വസ്തുവിപണിയുടെ പ്രകടനം നിക്ഷേപകർ വിലയിരുത്തണം. സമാനമായ പാർപ്പിട പദ്ധതികൾ അതേ പ്രദേശത്തു തന്നെയുണ്ടെങ്കിൽ, അവയ്‌ക്ക് ലഭിക്കുന്ന വാടക വിലയിരുത്തണം.
- വികസിതമായ അടിസ്‌ഥാന സൗകര്യങ്ങൾ
ഒരു പ്രദേശത്ത് ജീവിക്കുന്നതിന് അനുകൂലമായ ഘടകങ്ങൾ വീട് വാങ്ങുന്നവർ വിലയിരുത്തണം. സ്‌കൂൾ, പലവ്യഞ്‌ജനക്കടകൾ, ആരോഗ്യസംരക്ഷണം, പാർക്കുകൾ, വൃത്തിയുള്ള റോഡ്, നല്ല രീതിയിൽ പരിപാലിക്കുന്ന മാലിന്യ നിർഗമന ശൃംഖല, വെള്ളക്കെട്ടിൽ നിന്നുള്ള മോചനം എന്നിവ. നല്ല ഷോപ്പിങ്ങ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയവയും പരിഗണിക്കാവുന്നതാണ്. നിർദിഷ്‌ട പ്രദേശത്തിന്റെ വികസനാവസ്‌ഥയും പൂർണതോതിൽ വികസനത്തിനെടുക്കുന്ന സമയവും ദീർഘകാല ഉപയോക്താക്കൾ വിലയിരുത്തേണ്ടത് പ്രധാനം തന്നെയാണ്. ഉദ്ദേശിക്കുന്ന കാലയളവിൽ പ്രദേശം വികസിതമാകുമോ എന്നും നിക്ഷേപകർ വിലയിരുത്തണം. മെട്രോ– മോണോ റയിൽ ലൈനുകൾ, ഫ്ലൈ ഓവറുകൾ, ഓഫിസ് സമുച്ചയങ്ങൾ, ഷോപ്പിങ്ങ് സൗകര്യം, സ്വകാര്യ ആശുപത്രികൾ തുടങ്ങിയവ പ്രദേശത്തിന്റെ വികസന സാധ്യതകൾ വിലയിരുത്താൻ സഹായകമാകും.
- ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക
വിപണിയിൽ തിരഞ്ഞെടുക്കാൻ ധാരാളമുണ്ടായിരിക്കെ വിവിധ ഘടകങ്ങൾ ശ്രദ്ധിച്ചും സാധ്യതകൾ പരിശോധിച്ചുമാണ് മികച്ച വസ്തു തിരഞ്ഞെടുക്കേണ്ടത്. നിർമാണത്തിലിരിക്കുന്ന വീട് കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നിരിക്കെ, എല്ലാവിധ അനുമതികളും ലഭിച്ച് ഉടനെ താമസയോഗ്യമായ വീടിന് കൂടുതൽ തുക ചെലവിടേണ്ടി വരും. അതേസമയം പഴക്കമുള്ള വീട് കുറഞ്ഞ നിരക്കിൽ ലഭ്യമായേക്കാം, എന്നാൽ ഇതിന്റെ നവീകരണത്തിന് കാര്യമായ നിക്ഷേപം വേണ്ടിവരും. നല്ല രീതിയിൽ ഗവേഷണം നടത്തിയും വിലപേശാൻ മടി കാണിക്കാതെയും തീരുമാനത്തിലെത്തിച്ചേരാം. നിർദിഷ്‌ട പദ്ധതി കൈവശമെത്തുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങൾ നിർമാണത്തിലിരിക്കുന്ന ഘട്ടത്തിൽത്തന്നെ പരിഗണിക്കണം. വിപണിയിൽ ലഭ്യമായ മറ്റുള്ളവയുമായി ഇതും താരതമ്യപ്പെടുത്തണം.
- നിർമാതാവിനെ വിലയിരുത്തുക
നിർമാതാവിന്റെ പശ്‌ചാത്തലം, അംഗീകാരം, മുമ്പ് പൂർത്തീകരിച്ച പദ്ധതികൾ എന്നിവ വിലയിരുത്തേണ്ടതും പ്രധാനമാണ്. നിർമാതാവിനെ സംബന്ധിച്ച അഭിപ്രായരൂപീകരണത്തിനും നിർമാണ നിലവാരം സംബന്ധിച്ച ധാരണയ്‌ക്കും ഇത് ഉപകരിക്കും. പരസ്യത്തിലും അവതരണത്തിലും കണ്ണഞ്ചിപ്പിക്കുന്ന ബ്രോഷറുകളിലും വീട് വാങ്ങുന്നവർ കുടുങ്ങരുത്. നിർമാണത്തിലിരിക്കുന്ന പദ്ധതിയെ സംബന്ധിച്ചിടത്തോളം നിർമാതാവിന്റെ സാമ്പത്തികശേഷിയും വിലയിരുത്തണം. പൂർത്തീകരണത്തിലെ കാലതാമസം ഒഴിവാക്കാൻ ഇത് ഉപകരിക്കും. പ്രാദേശിക ബ്രോക്കർമാർ, വെബ്‌സൈറ്റുകൾ എന്നിവ വഴിയും നിർമാതാവിനെ കുറിച്ച് അന്വേഷിക്കാവുന്നതാണ്. നിലവിലുള്ള നിക്ഷേപകർക്ക് ഇതേ നിർമാതാവിന്റെ പദ്ധതികളിൽ ലഭിക്കുന്ന വാടക വരുമാനം, മൂലധന വർധന എന്നിവയും വിലയിരുത്താവുന്നതാണ്.
- പദ്ധതിയുടെ അംഗീകാരവും മാനദണ്ഡങ്ങളും
സർക്കാരും പ്രാദേശികാധികൃതരും നൽകിയിട്ടുള്ള അനുമതികൾ അഭിഭാഷകൻ മുഖേന വിലയിരുത്തണം. നിർമാണത്തിനുപയോഗിച്ചിട്ടുള്ള സാമഗ്രികൾ, രീതി എന്നിവ സംബന്ധിച്ച് നിശ്‌ചിത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോൾ ബ്രോഷറിൽ കാണിച്ചിട്ടുള്ള സാമഗ്രികൾക്കുപകരം വില കുറഞ്ഞവയാകാം നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടാകുക. സാനിറ്ററി വെയർ, പ്ലമിങ് എന്നിവയ്‌ക്കും ഇത് ബാധകമാണ്.
മാതൃകയായി കാണിക്കുന്ന വീടുകളും ചിലപ്പോൾ തെറ്റിദ്ധാരണ സൃഷ്‌ടിച്ചേക്കാം. ഇവ വലുപ്പത്തിലും രൂപകൽപ്പനയിലും കൂടുതൽ വിശാലത തോന്നുന്ന രീതിയിലായിരിക്കാം ക്രമീകരിച്ചിരിക്കുന്നത്. പ്ലാനിലെ അളവുകൾ മാതൃകാഭവനവുമായി ഒത്തുനോക്കി ബോധ്യപ്പെടണം. കാർപ്പറ്റ് വിസ്തൃതി, ബിൽറ്റ് അപ്പ് വിസ്തൃതി, സൂപ്പർ ബിൽറ്റ് അപ്പ് വിസ്തൃതി എന്നിവയും കൃത്യമായി അറിയണം. ഇക്കാര്യത്തിൽ ചിലപ്പോൾ വഞ്ചിക്കപ്പെട്ടേക്കാം. പദ്ധതിയുടെ നിലവാരം നിക്ഷേപകരെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. പിന്നീടുള്ള വിൽപ്പനയെ ഇത് ബാധിച്ചേക്കും.
- അധിക നിരക്കുകൾ ഉൾക്കൊള്ളിക്കുക
സൗകര്യങ്ങൾക്കായി വിവിധ പദ്ധതികളുടെ നിർമാതാക്കൾ ഈടാക്കുന്നത് വ്യത്യസ്ത നിരക്കുകളായിരിക്കും. പുറം വികസനം, അകം വികസനം, പാർക്കിങ്, ക്ലബ് അംഗത്വം, സെക്യൂരിറ്റി നിക്ഷേപം, കുടിവെള്ളം തുടങ്ങിയവ. പ്രാദേശികാധികൃതർ ഈടാക്കുന്ന നിരക്കുകൾ അവരെ ബന്ധപ്പെട്ട് എളുപ്പത്തിൽ പരിശോധിക്കാവുന്നതേയുള്ളൂ. വൺ ടൈം മെയിന്റൻസ് ചെലവും മൊത്തത്തിലുള്ള തുകയിൽ പ്രധാന ഘടകമാണ്. ഈ തുക എങ്ങനെ വിനിയോഗിക്കപ്പെടും, പിൽക്കാലത്ത് അസോസിയേഷനിലേക്ക് എങ്ങനെ വകമാറ്റും എന്നിവ ചോദിച്ചറിയണം. നിരക്കുകളുടെ ഇനം തിരിച്ച് നിർമാതാവിനോട് ആവശ്യപ്പെടാവുന്നതാണ്. സ്‌റ്റാംപ് ഡ്യൂട്ടി, റജിസ്‌ട്രേഷൻ നിരക്കുകൾ തുടങ്ങിയവയും. ഇവ അടയ്‌ക്കുന്നതിനുള്ള സമയപരിധിയും അറിഞ്ഞിരിക്കണം. വൺ ടൈം ചാർജ്, വാർഷിക ചാർജ് ഇവ സംബന്ധിച്ച് കൃത്യമായ വിവരം ഉണ്ടാകണം.
- ബാങ്ക് അംഗീകാരവും വായ്‌പാ യോഗ്യതയും
ബാങ്കുകളാൽ അംഗീകരിക്കപ്പെട്ട പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഈ പദ്ധതികൾ ബാങ്കുകൾ നേരത്തേതന്നെ വിലയിരുത്തിയിട്ടുണ്ടാകും. ഉപയോക്താവ് എന്ന നിലയിൽ ലഭ്യമാകാവുന്ന വായ്‌പയുടെ തോത്, നൽകേണ്ട രേഖകൾ എന്നിവ സംബന്ധിച്ച് ധാരണയുണ്ടാകണം. വായ്‌പയ്‌ക്കുപുറമെ ആവശ്യമായി വരുന്ന തുകയ്‌ക്കുള്ള സ്രോതസും കണ്ടെത്തണം. മണി ലോക്കിങ് പീരീഡ്, രണ്ടാമതൊരു ഭവനം സംബന്ധിച്ച നികുതി കാര്യങ്ങൾ എന്നിവയും പരിഗണിക്കേണ്ടത് പ്രധാനമാണ്.
- പുനഃവിൽപ്പന
സെക്കൻഡറി വിപണിയിൽനിന്നു വസ്തു വാങ്ങുമ്പോൾ പല കാര്യങ്ങൾ പരിഗണിക്കണം. പണയ ബാധ്യത, അസോസിയേഷന് നൽകേണ്ട തുക തുടങ്ങിയവ. ചിലപ്പോൾ നിയമപ്രശ്‌നങ്ങളുമുണ്ടാകാം. ഇത്തരം ഇടപാടുകളിൽ അഭിഭാഷകന്റെ സേവനം തേടണം. ടൈറ്റിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതും ഉചിതമായിരിക്കും. മുന്നാധാരങ്ങൾ നിർബന്ധമായും വേണം. വസ്തു, വീട്, അപ്പാർട്ട്‌മെന്റ്, ഫ്ലാറ്റ് എന്നിവ സംബന്ധിച്ച ഉടമാവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇതിൽനിന്നു ലഭിക്കും. കരമടച്ച രസീത്, ബാധ്യതാരഹിത സർട്ടിഫിക്കറ്റ്, അനുമതിയുള്ള പ്ലാൻ, അംഗീകാരങ്ങൾ, ക്ലിയറൻസുകൾ, ഒക്യുപൻസി സർട്ടിഫിക്കറ്റ് തുടങ്ങിയവയും ലഭ്യമാക്കണം. എന്തെങ്കിലും രേഖയിൽ ഒപ്പിടുന്നതിന് മുമ്പ് നിശ്‌ചിത വസ്തുവിൽ ലഭിക്കാവുന്ന വായ്‌പ അറിഞ്ഞിരിക്കണം. ബാങ്കുകൾക്ക് വസ്തുവിന്റെ മൂല്യം വിലയിരുത്തുന്നതിന് സ്വന്തം സംവിധാനങ്ങളുണ്ടായേക്കാം. ഇത് ചിലപ്പോൾ വിപണി വിലയിലും വ്യത്യസ്തമാകാനിടയുണ്ട്.
- നിയമപ്രശ്‌നങ്ങൾ
വസ്തു ഇടപാടിൽ പരമപ്രധാനമാണിത്. കരാറിലേർപ്പെടുന്നതിനുമുമ്പ് ട്രാൻസ്‌ഫറബ്‌ൾ ടൈറ്റിൽ, റെക്കോർഡ് ഓഫ് റൈറ്റ് ആന്റ് ടൈറ്റിൽ, ബാധ്യതകൾ എന്നിവ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകണം. വസ്തു ഏതെങ്കിലും അക്വിസിഷന് തിരഞ്ഞെടുക്കപ്പെട്ടതായിരിക്കരുത്. നിയമപ്രകാരമുള്ള എല്ലാ അനുമതികളും ഉണ്ടായിരിക്കണം. വിൽപ്പനക്കാരനിൽ നിന്നു മുക്ത്യാർ ലഭ്യമാക്കണം. സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ളതുപ്രകാരം മുദ്രപ്പത്രത്തിൽ വിൽപ്പനക്കരാർ റജിസ്‌റ്റർ ചെയ്യണം. നിലവിലുള്ള റജിസ്‌ട്രേഷൻ നിരക്കുകൾ അറിഞ്ഞ് അതനുസരിച്ചുള്ള മുദ്രപ്പത്രത്തിലാകണം വസ്തു രജിസ്‌റ്റർ ചെയ്യേണ്ടത്. മുമ്പ് ഉടമസ്‌ഥതയിലിരുന്ന വസ്തുവിനെ സംബന്ധിച്ചിടത്തോളം നിരാക്ഷേപ പത്രവും സഹകരണസംഘമാണെങ്കിൽ നോ ഡ്യൂ സർട്ടിഫിക്കറ്റും കൈപ്പറ്റണം.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അസോസിയേഷനുമായി ബന്ധപ്പെട്ട് അവരുടെ നിബന്ധനകൾ മനസിലാക്കണം. അവിവാഹിതർക്ക് വാടകയ്‌ക്ക് കൊടുക്കൽ, സർവീസ്‌ഡ് അപ്പാർട്ട്‌മെന്റോ ഗസ്‌റ്റ് ഹൗസോ ആയി ഉപയോഗിക്കൽ തുടങ്ങിയവ. പ്രൊബേഷണൽ എൻഒസിയും കൈപ്പറ്റണം.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"